-1-
എന്റെ വീട്ടില്‍
അമ്മയുടെ വാക്കുകള്‍
നിരന്തരമായി പരാധീനതയുടെ
സിങ്കില്‍ വീണുടയുന്ന
പലവര്‍ണ്ണ ചില്ലുപാത്രങ്ങളായിരുന്നു
എനിക്ക് മാത്രം ചിലപ്പോഴെങ്കിലും
അതിന്റെ പൊട്ടുകള്‍ മുറിവുകളുണ്ടാക്കി
അമ്മയെ തലച്ചോറിന്റെ
ചുണ്ടുകള്‍ കൊണ്ടറിഞ്ഞതാണ് ഞാന്‍
അമ്മയുടെ മുറിവുകളാണ്
എന്റെ ഗര്‍ഭത്തില്‍ വളര്‍ന്നത്
അടിവയറ്റില്‍ പിടയുകയും
മുഴച്ചു വരുകയും ചെയ്യുമ്പോള്‍
തൊലി കളഞ്ഞുവെച്ച
സവാളകളെ ഓര്‍ത്തുകൊണ്ട്
ഞാനവയെ പതിയെ തടവി നോക്കും
അവയ്ക്ക് കെട്ടിക്കിടപ്പിന്റെ
ഇളം വയലറ്റ് നിറമായിരിക്കും
അടുക്കളക്കാരി തീന്മേശക്കാരെ
വെറുത്താല്‍തന്നെയും
ചൂല്, സോപ്പ്, ഡിഷ് വാഷ് ബാര്‍, ക്ലീനിംഗ് ക്ലോത്ത്
ഇവ കൊണ്ട് എന്ത് ചെയ്യാന്‍
—————————————————————————
-2-
അന്ന് വനിതാ ബില്ല് പാസായപ്പോഴായിരുന്നു
കിണറ്റുകരയില്‍ ചെറിയമ്മ മീന്‍ വെട്ടികൊണ്ടിരുന്നു
ഇത്രയും കാലം വെട്ടിക്കളഞ്ഞ
മീന്‍ചിറകുകള്‍ എല്ലാം കൂടെ മുളച്ച്
അവരെയൊന്നു പറപ്പിക്കാന്‍ നോക്കിയോ
ഇല്ല, വെന്തോണ്ടിരിക്കുന്ന കറിയില്‍
ചിറകില്ലാത്ത മീനുകള്‍ പോലെ
ഇളകികൊണ്ട് മാത്രമിരുന്നു.
അവരൊന്നുമറിഞ്ഞില്ല
ചിലപ്പോള്‍ സുഷമാസ്വരാജിനെയോ
അംബികാസോണിയേയോ വൃന്ദാകാരാട്ടിനെയോ പോലെ
വലിയ പൊട്ട് കുത്തി കാണാം
അല്ലെങ്കില്‍ പിന്നെ ടി.വി.
ആലയിലോ, അലക്കുകല്ലിനടുത്തോ
മറ്റോ വെക്കണം
ആര്….?
Advertisement