മരുന്നിലെ കവിത – ഭാഗം 1

മരുന്ന് ജീവന്‍ തന്നെയാണ്. വേദനകളുടെ ആശ്വാസമാണ്. അതില്‍ ചതിയോ വിശ്വാസക്കുറവോ അരുതെന്നാണ്. ഇന്ന് അമേരിക്കന്‍ വിപണിയില്‍ നിരോധിക്കപ്പെട്ട അവരുടെ തന്നെ വിഷം കലര്‍ന്ന ഉല്‍പ്പന്നങ്ങളാണ് നമ്മുടെ പല ദിവ്യ ഔഷധങ്ങളും എന്ന് പലര്‍ക്കും അറിയാമെങ്കിലും നമുക്ക് മറ്റു മാര്‍ഗമില്ല തന്നെ. അതിനെകുറിച്ച് ഏറെ പറയാനുണ്ടെങ്കിലും അതിനല്ല ഞാന്‍ ഇങ്ങനെ തുടങ്ങിയത്. ശരിക്കും ഒരു വിസ്മയത്തിന്റെ അനുഭവമാണ് എനിക്ക് പറയാനുള്ളത്.

               എന്‍റെ വീട്ടിലെ വൈദ്യത്തിന്റെയും വിഷചികിത്സയുടെയും പഴയ പുസ്തകങ്ങളിലും താളിയോലകളിലും ഞാനറിഞ്ഞ ചില വിസ്മയങ്ങള്‍. മരുന്നിലെ കവിതയുടെ ശരിക്കും കാല്‍പനികമായ ഒരനുഭവം.

               എല്ലാ ഔഷധങ്ങളും ഒരര്‍ത്ഥത്തില്‍ മൃതസഞ്ജീവനികളാണ്. അത് നല്‍കുക ചികിത്സകരുടെ സൃഷ്ടിപരമായ കര്‍ത്തവ്യവുമാണ്. അതിന് മരുന്നിനും ചികിത്സയ്ക്കുമിടയില്‍, ചികിത്സകര്‍ക്കും രോഗികള്‍ക്കുമിടയില്‍ സ്നേഹവും വിശ്വാസവും വേണം. ചികിത്സകന്‍ രോഗിയുടെ മാനസികാവസ്ഥ അറിയണം. അവരോടു ദയ കാണിക്കണം.

പണ്ടത്തെ വൈദ്യന്മാര്‍ക്ക് വളരെ ശക്തമായ ഒരു സാമൂഹിക ബന്ധമുണ്ടായിരുന്നു. ‘ആരോഗ്യനികേതന’ത്തിലെ ജീവന്‍ മശായിയെ പോലെ ഇന്ന് ഏറ്റവും കുറഞ്ഞ സാമൂഹിക ബന്ധം പുലര്‍ത്തുന്നത് ഡോക്ടര്‍മാര്‍ ആയിരിക്കും. അവരെ സാധാരണ ജനങ്ങള്‍ക്കിടയില്‍ കണ്ടുകിട്ടുക പ്രയാസമാണ്. ഭീകരമായ അന്യവല്‍കരണമാണു മനുഷ്യമനസ്സുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 

                                                                       പ്രതീക്ഷിക്കാതെ ആണ് ഇത്ര നല്ല വായനാനുഭവം എനിക്കുണ്ടായത്. ഒരു കാരണവുമില്ലാതെ ചില പുസ്തകങ്ങള്‍ മറിച്ചുനോക്കുകയായിരുന്നു. ആയുര്‍വേദത്തിലെയും വിഷചികിത്സയിലെയും ചില മരുന്നുകളുടെ യോഗങ്ങളില്‍ പോലും കാണാന്‍ കഴിഞ്ഞ ഒരു തരാം ആത്മബന്ധത്തിന്റെ തുടിപ്പുകള്‍ എനിക്ക് ആവേശമായി. എന്തിനു വേണ്ടിയാവും ഇങ്ങനെ അതികാല്‍പനികമായ ഒരു സ്നേഹാന്തരീക്ഷം!!

എത്ര മനോഹരമായ ചിത്രങ്ങള്‍! 

“ഐ പ്രാണനാഥേ

ബലാ പത്തു ഭാഗം

പ്രിയേ ജീരകം ചുക്കുമോരോരു ഭാഗം

ലയിക്കും ജവം കാസ യുഗ്മാദിരോഗം”
 

ഇതൊരു പ്രണയ കവിതയല്ല. കാസരോഗത്തിനും മറ്റും ദിവ്യൌഷധമായ ‘നയോപായം’ എന്ന കഷായത്തിന്റെ യോഗമാണ്.  (ബലാ – കുറുന്തോട്ടി) , (ജവം – പെട്ടെന്ന്) .

വീട്ടില്‍ നയോപായമുണ്ടായാല്‍ നന്ന് എന്നത്രേ. വീട്ടില്‍ നയവും ഉപായവും ഉണ്ടാവണം എന്ന് പ്രാണനാഥയോട് പ്രണയപൂര്‍വ്വം പറയുന്നതായും തോന്നാം. ‘പ്രാണനാഥേ പത്തുഭാഗത്ത്‌ നിന്നും ബലമായി നീ വേണം. എരിവും പിണക്കവും (ചുക്കും ജീരകവും) ഇടയ്ക്ക് വന്നു കൂടിയാല്‍ നയോപായം കൊണ്ടത് ലയിക്കണം വേഗം എന്ന് വ്യാഖ്യാനിയ്ക്കുമ്പോഴും ഏറെയാണ്‌ സൌന്ദര്യം.

പ്രാചീന ഭാരതത്തിലെ സംസ്കാരവും അന്തരീക്ഷവും അതിതീവ്രമായി കടന്നു വരുന്നുണ്ട് വിഷചികിത്സയിലെ ആധികാരിക ഗ്രന്ഥമായ ‘ജ്യോത്സനീക’ ത്തില്‍ പല ശ്ലോകങ്ങളിലും.

 

‘മുടിയില്‍ തിങ്കളും പാമ്പും 

മടിയില്‍ ഗൌരിയും തഥാ

കുടികൊണ്ടോരു ദേവന്‍തന്‍ 

അടിയാം പങ്കജം ഭജേ’

 

ഈ മഹേശര സ്തുതി ധ്യാനിച്ചു കൊണ്ടത്രേ വിഷചികിത്സാ പഠനം തുടങ്ങുന്നത്. ചന്ദ്രക്കല പ്രണയത്തിന്റെയും പാമ്പ്‌ ലൈംഗികതയുടെയും പ്രതീകങ്ങളാണ്.  ശിവന്‍റെ ഇടതു തുടയിലാണ് ഉമാമഹേശ്വര സങ്കല്‍പത്തില്‍ പാര്‍വതിയുടെ സ്ഥാനം (പുരുഷന്റെ വലതു ഭാഗം സഹോദരങ്ങല്‍ക്കോ ഇടതു ഭാഗം പ്രണയിനിക്കോ പത്നിക്കോ നല്‍കാവുന്ന ഏറ്റവും ഉദാത്തമായ സ്ഥാനങ്ങളാണെന്ന് നൃത്തത്തില്‍ നാട്യധര്‍മം). ഇവിടെ പ്രണയത്തിനും ലൈംഗികതക്കും പ്രാധാന്യമുള്ള, സ്ത്രീക്ക് പുരുഷനോടൊപ്പം സ്ഥാനമുള്ള പഴയ ഭാരത സംസ്കാരത്തിന്‍റെ ചിത്രം കാണാം.

(തുടരും…)

2 Responses to മരുന്നിലെ കവിത – ഭാഗം 1

  1. Bijin says:

    ഐ പ്രാണനാഥേ.. 🙂

    മരുന്നായാലും കവിതയായാലും
    മരുന്നിലെ കവിതയായാലും
    കവിതയിലെ മരുന്നായാലും
    പാതിവഴിയില്‍ നിര്‍ത്തരുത്…

    എവിടെ രണ്ടാം ഗഡു?

Leave a comment