രണ്ടു കവിതകള്‍

December 18, 2010
-1-
എന്റെ വീട്ടില്‍
അമ്മയുടെ വാക്കുകള്‍
നിരന്തരമായി പരാധീനതയുടെ
സിങ്കില്‍ വീണുടയുന്ന
പലവര്‍ണ്ണ ചില്ലുപാത്രങ്ങളായിരുന്നു
എനിക്ക് മാത്രം ചിലപ്പോഴെങ്കിലും
അതിന്റെ പൊട്ടുകള്‍ മുറിവുകളുണ്ടാക്കി
അമ്മയെ തലച്ചോറിന്റെ
ചുണ്ടുകള്‍ കൊണ്ടറിഞ്ഞതാണ് ഞാന്‍
അമ്മയുടെ മുറിവുകളാണ്
എന്റെ ഗര്‍ഭത്തില്‍ വളര്‍ന്നത്
അടിവയറ്റില്‍ പിടയുകയും
മുഴച്ചു വരുകയും ചെയ്യുമ്പോള്‍
തൊലി കളഞ്ഞുവെച്ച
സവാളകളെ ഓര്‍ത്തുകൊണ്ട്
ഞാനവയെ പതിയെ തടവി നോക്കും
അവയ്ക്ക് കെട്ടിക്കിടപ്പിന്റെ
ഇളം വയലറ്റ്‌ നിറമായിരിക്കും
അടുക്കളക്കാരി തീന്മേശക്കാരെ
വെറുത്താല്‍തന്നെയും
ചൂല്, സോപ്പ്, ഡിഷ്‌ വാഷ്‌ ബാര്‍, ക്ലീനിംഗ് ക്ലോത്ത്
ഇവ കൊണ്ട് എന്ത് ചെയ്യാന്‍
—————————————————————————
-2-
അന്ന് വനിതാ ബില്ല് പാസായപ്പോഴായിരുന്നു
കിണറ്റുകരയില്‍ ചെറിയമ്മ മീന്‍ വെട്ടികൊണ്ടിരുന്നു
ഇത്രയും കാലം വെട്ടിക്കളഞ്ഞ
മീന്‍ചിറകുകള്‍ എല്ലാം കൂടെ മുളച്ച്
അവരെയൊന്നു പറപ്പിക്കാന്‍ നോക്കിയോ
ഇല്ല, വെന്തോണ്ടിരിക്കുന്ന കറിയില്‍
ചിറകില്ലാത്ത മീനുകള്‍ പോലെ
ഇളകികൊണ്ട് മാത്രമിരുന്നു.
അവരൊന്നുമറിഞ്ഞില്ല
ചിലപ്പോള്‍ സുഷമാസ്വരാജിനെയോ
അംബികാസോണിയേയോ വൃന്ദാകാരാട്ടിനെയോ പോലെ
വലിയ പൊട്ട് കുത്തി കാണാം
അല്ലെങ്കില്‍ പിന്നെ ടി.വി.
ആലയിലോ, അലക്കുകല്ലിനടുത്തോ
മറ്റോ വെക്കണം
ആര്….?

ഞാനും സുഹൃത്തുക്കളും …………………………..

April 30, 2009

 

എന്റെ സുഹൃത്ത് ഒരിക്കല്‍ ചോദിക്കുകയായിരുന്നു

 “ഉപ്പേരിക്ക് അരിയാന്‍ വിളിക്കലാണോ നിങ്ങളുടെ ഫെമിനിസം ”

 അന്ന് ഞാന്‍ പറഞ്ഞു “ഒരിക്കലുമല്ല ,സ്ത്രൈണതയുടെ ആവിഷ്കരങ്ങള്‍ക്ക് അവസരവും അംഗീകാരവും നല്‍കുക…..”എന്നൊക്കെ .

 അന്നെനിക്ക് പ്രായം പതിനെട്ടു ! കല്യാണം,കുട്ടി,വീട് എല്ലാം നല്ല നിറമുള്ള സ്വപ്‌നങ്ങള്‍!!!!

അന്നൊക്കെ പകല് മുഴുവന്‍ കഴുതയെപ്പോലെ വീട്ടുപണി ചെയ്തു രാത്രിയില്‍ പത്രമെടുതുവെച്ചു അമ്മ ഉറങ്ങി വീഴും

 “ഇന്ദിര ഗാന്ധിയെ കൊന്നാലെന്തു കൊന്നില്ലേലെന്തു” അച്ഛന്റെ തമാശയില്‍ ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു പിറ്റേന്ന് സുഹൃത്തുക്കളോടും പറഞ്ഞു ബാക്കിയും ചിരിച്ചു .

ഇന്നെനിക്കു നാല്പതു കഴിഞ്ഞു !!! എനിക്ക് സുഹൃത്തുക്കളില്ല

ഞങ്ങള്‍ കോലായില്‍ ചായ കുടിച്ചിരുന്നു കൂട്ടമായി ചിരിക്കാറില്ല ,കരയാറുമില്ല.

ഞാന്‍ അയാളുടെ സുഹൃത്തുക്കള്‍ക്ക് ചായ എത്തിക്കുമ്പോള്‍ അയാള്‍ അവരോടു പറയുന്നു

“എനിക്ക് ഒരിറ്റു വെള്ളം കുടിക്കനമെങ്ങില്‍ഇവള് വേണം ……………മുണ്ട് വെളുക്കനമെങ്ങില്‍ ഇവള് അലക്കണം……..

അത് ഇവള് തന്നെ തേക്കണം ………….എനിക്ക് ശ്വാസം കഴിക്കാന്‍ പോലും ഇവള് വേണം.

അത്രയ്ക്ക് സ്നേഹമാണ് എനിക്കിവളെ…………………”

പ്രാണ വേദന സഹിച്ചു വിധേയത്വമുള്ള ഭാര്യയായി ഞാന്‍ സ്നേഹം നടിക്കുന്നു .

ഒന്ന് ഉപ്പേരിക്ക് അരിഞ്ഞ് തരുമോ “ചോദിച്ചാലോ ?

വേണ്ട…………………………………………………..


പരിണാമം

April 21, 2009

ഓലമേഞ്ഞ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിച്ചതുകൊണ്ട്
പഠിച്ച പള്ളിക്കൂടം ഇപ്പോഴില്ല!
ഓടുമേഞ്ഞ കുഞ്ഞുവീട്ടില്‍ ജനിച്ചതുകൊണ്ടു
ജനിച്ച വീട് ഇപ്പോഴില്ല!
ഇത്തിരി കയറ്റം കേറി വീട്ടിലെത്തിയാല്‍
താഴത്ത് കണ്ട വയല്‍ ഇങ്ങു ദൂരെയെനിക്കൊരു
വി‌ളിയായിരുന്നു ……………………
ജെ. സി. ബി. ഉള്ളതുകൊണ്ട് അങ്ങനെയൊരു
പ്രദേശം തന്നെ ഇപ്പോഴില്ല. വിളിയും……………..

പുഴ വറ്റിയതുകൊണ്ട് ദാഹം ഇപ്പോഴില്ല
നെഞ്ചിന്റെ ഇടതുഭാഗത്തുകൂടെ
ഒരുപാട് വെടിയുണ്ടകള്‍ തുളച്ചുപോയതുകൊണ്ട്‌
ഹൃദയം ഇപ്പോഴില്ല!
ആവശ്യമില്ലാത്തതുകൊണ്ട് തല ഇപ്പോഴില്ല!!
കടുംനിറങ്ങള്‍ മാത്രം കാണാവുന്ന കണ്ണുകള്‍
കയ്യിലാണ് ഇരിപ്പ്.
ഒരുപാട് വാങ്ങിക്കൂട്ടാന്‍ ഉള്ളതുകൊണ്ട്
കൈപ്പത്തികള്‍ക്ക് വീതി കൂടും!

അണച്ച് പിടിക്കാന്‍ അടുത്ത് മക്കളില്ലാത്തത്കൊണ്ട്
കൈക്ക് നീളം അത്രയില്ല!
ഗ്ലോബല്‍ രുചികള്‍ തിന്നുകൂട്ടുവാന്‍
ഒരു ഗ്ലോബല്‍ വായ ഇപ്പോഴുണ്ട്!!!!!!!!!!!


മരുന്നിലെ കവിത – ഭാഗം 2

April 5, 2009

പുതിയ വിദ്യാഭ്യാസ രീതിയില്‍ എല്ലാം സാഹചര്യങ്ങളിലൂടെ പഠിക്കണം, മനപ്പാഠമാക്കേണ്ട്തിന്റെ ആവശ്യമില്ല, അപരിചിതമായ അറിവുകള്‍ അദ്ധ്യാപകരില്‍ നിന്നും നേരിട്ട് പകര്‍ന്ന് കിട്ടുന്ന രീതി ഒഴിവാക്കുക എന്നൊക്കെയുള്ള ആശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ പല അറിവുകളും മനപ്പാഠമാക്കേണ്ടതായും വായിച്ചും അദ്ധ്യാപകരില്‍ നിന്ന് കേട്ടും മനസ്സിലാക്കേണ്ടതായും വരുന്നു. (അമേരിക്കന്‍ വിദ്യാഭ്യാസ മന:ശ്ശാസ്ത്രജ്ഞനായ ഡേവിഡ് ഓസുബെലിന്റെ ‘Meaningful verbal Learning’ എന്ന സിദ്ധാന്തം ഇതിനെ പിന്താങ്ങുന്നു.) പക്ഷേ ഇതു ശരിയായ അര്‍ഥത്തില്‍ സാധ്യമാകാന്‍ അറിവുകള്‍ വളരെ അര്‍ഥവത്തായി അവതരിക്കപ്പെടേണ്ടതുണ്ട്. നമ്മള്‍ പരാജയപ്പെടുന്നതും അവിടെയാണ്‌.

താഴെ പറയുന്ന വരികള്‍ നോക്കാം

‘പാമ്പും മൂഷികനും തേളും
ചിലന്തി കീരി പൂച്ചയും
അട്ട ചേരട്ട തൊട്ടാരട്ടി
വേട്ടാളിയന്‍ ഝഷം നരന്മാര്‍
അരണ ഗൌളി കൃകലാസം കടന്നല്
ഇത്രയും വിഷജന്തുക്കള്‍’

ഇവിടെ നരന്മാരും വിഷജന്തുക്കളാണെന്നു പറയുന്നു. മനുഷ്യന്റെ പല്ലും നഖവും കൊണ്ടാല്‍ വിഷമാണ്. ഇതില്‍ താളവും പ്രാസവും ഉണ്ട്. ഈ വരികള്‍ ഹൃദിസ്ഥമാക്കുന്നത് മൂലം ഒരു പേരു പോലും വിട്ടുപോകാതെ അതിന്റെ താളത്തില്‍ ലയിച്ച് തരം പോലെ ഉദ്ധരിക്കുകയും വ്യാഖാനിക്കുകയും ഉപയോഗിക്കുകയും ആവാം. ഗദ്യരൂപത്തില്‍ ഹൃദിസ്ഥമാക്കുക പ്രയാസമാണ്‌. പക്ഷേ സ്നേഹപൂര്‍‌വ്വം ചൊല്ലിക്കേള്‍ക്കുമ്പോള്‍ പദ്യത്തിന്റെ താളം ഹൃദയത്തിലേക്ക് പകര്‍ന്ന് കിട്ടുന്നു. ഗുരുക്കന്മാര്‍ ശിഷ്യന്മാരെ സ്നേഹപൂര്‍‌വ്വം സമീപിക്കുമ്പോള്‍ മാത്രമേ അദ്ധ്യാപനത്തിന്റെ അര്‍ഥം പൂര്‍ണ്ണമാവുന്നുള്ളൂ എന്ന് എത്രയോ കാലം മുന്നേ ചില ഭാരതീയ ചിന്തകര്‍ അറിഞ്ഞിരിക്കുന്നു എന്നു കാണാം.

          ഇനി മൂട്ടകളുടെ ഔഷധഗുണത്തെ പറ്റി തികച്ചും അത്ഭുതകരമായ ഒരു ശ്ലോകം നോക്കാം.

“ശ്രഷ്ടാവിനില്ല കഥ എന്തിനുപദ്രവാര്‍ഥം
സൃഷ്ടിച്ചു മൂട്ടകളെയെന്നു പുലമ്പിടേണ്ട
കേട്ടോ പ്രിയേ,  ഇവയില്‍ മൂന്ന് ഗുളേ പൊതിഞ്ഞ്
കുട്ടിക്ക് നല്‍ക പനിനാലിടവിട്ടതോടും”

– (ഗുളം = ശര്‍ക്കര )

കേവലം ഉപദ്രവം മാത്രമായ മൂട്ടകളെ സൃഷ്ട്ടികാന്‍ സൃഷ്ടാവിനു യാതൊരു കഥയുമില്ലാതായോ എന്ന് പുലമ്പേണ്ട, കേട്ടോ പ്രിയേ മൂന്ന് മൂട്ടകളെ ശര്‍ക്കരയില്‍ പൊതിഞ്ഞ് നല്‍കിയാല്‍ കുട്ടികളില്‍ കാണുന്ന ഗ്രഹണി മാറും. ‘കേട്ടോ പ്രിയേ’ എന്നു കേള്‍ക്കുമ്പോള്‍ തോന്നുന്ന അടുപ്പമോ പ്രണയമോ ആത്മവിശ്വാസമോ ഈ വരികളെ നല്ല ഒരു കാല്‍‌പനിക കവിതയാക്കുന്നു.

                           പ്രണയം ഒരന്തരീക്ഷമാണ്‌. സാഹസികതയും ധൈര്യവും ഏറ്റവും തീവ്രമായി നില്‍ക്കുന്ന ഒരന്തരീക്ഷം. ഇതില്‍ നിലനില്‍ക്കുന്നവര്‍ അതിവിപ്ലവകരമായി ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു. പ്രണയം മനസ്സിന്റെ ക്രിയേറ്റിവിറ്റി ഉണര്‍ത്തുന്നു. പ്രണയ കാലത്ത് കവിതയെഴുതാത്തവര്‍ കുറവാകും. ഈ സര്‍ഗപരതയ്ക്കു വേണ്ടിയാകാം ഇവിടെയും ഇത്തരം അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്.  ചികിത്സ ശരിക്കും ധ്യാനമാണ്‌ പ്രാര്‍ഥനയാണ്‌. എത്ര നല്ല കവിതകളാണ്‌ ഇവിടെ മരുന്നുകള്‍. വ്യത്യസ്തങ്ങളായ ചിത്രങ്ങളും ഗന്ധങ്ങളും കൊണ്ട്‌ സമ്പന്നമാണ്‌ വൈദ്യശാസ്ത്രം.

                         വൈദ്യം തുടങ്ങുമ്പോള്‍ വൈദ്യന്‍ ധ്യാനിക്കുന്ന ധന്വന്തരിമൂര്‍ത്തിയുടെ ചിത്രം അതിമനോഹരമായാണ്‌ പറഞ്ഞിരിക്കുന്നത്. ‘അമൃതകലശഹസ്തനായ, പീതാംബരാഢ്യനായ’ ധന്വന്തരിമൂര്‍ത്തി. ‘മഹാഗരുഡമന്ത്ര’ത്തിലെ അഷ്ടവര്‍ഗ്ഗനാഗങ്ങളെ മെയ്യാഭരണങ്ങളാക്കി പാതാളത്തിലും ഭൂമിയിലും ആകാശത്തിലുമായി നിറഞ്ഞ് നില്‍ക്കുന്ന പ്രൗഢഗംഭീരനായ ഗരുഡന്റെ ചിത്രം വില്യം ബ്ലേയ്ക്കിന്റെ കവിതകളിലെ പോലെ ഒരു ടെറിബിള്‍ ബ്യൂട്ടി തന്നെയാണ്‌.

” ഏവം ധ്യായെ ത്രിസന്ധ്യായാം
  ആത്മാനാം പക്ഷിരൂപണം
  വിഷം വിനാശയേ ക്ഷിപ്രം
  വായുശീഘ്രമിവാംബുധിം”

എന്നവസാനിപ്പിക്കുമ്പോള്‍ ഏതോ ശാന്തസുന്ദരമായ ത്രിസന്ധ്യയുടെ ഓര്‍മ്മകളില്‍ ചൂഴ്ന്ന് നില്‍ക്കും നാം. 
അത്രയ്ക്കുണ്ട് വശ്യത..!!


മരുന്നിലെ കവിത – ഭാഗം 1

March 22, 2009

മരുന്ന് ജീവന്‍ തന്നെയാണ്. വേദനകളുടെ ആശ്വാസമാണ്. അതില്‍ ചതിയോ വിശ്വാസക്കുറവോ അരുതെന്നാണ്. ഇന്ന് അമേരിക്കന്‍ വിപണിയില്‍ നിരോധിക്കപ്പെട്ട അവരുടെ തന്നെ വിഷം കലര്‍ന്ന ഉല്‍പ്പന്നങ്ങളാണ് നമ്മുടെ പല ദിവ്യ ഔഷധങ്ങളും എന്ന് പലര്‍ക്കും അറിയാമെങ്കിലും നമുക്ക് മറ്റു മാര്‍ഗമില്ല തന്നെ. അതിനെകുറിച്ച് ഏറെ പറയാനുണ്ടെങ്കിലും അതിനല്ല ഞാന്‍ ഇങ്ങനെ തുടങ്ങിയത്. ശരിക്കും ഒരു വിസ്മയത്തിന്റെ അനുഭവമാണ് എനിക്ക് പറയാനുള്ളത്.

               എന്‍റെ വീട്ടിലെ വൈദ്യത്തിന്റെയും വിഷചികിത്സയുടെയും പഴയ പുസ്തകങ്ങളിലും താളിയോലകളിലും ഞാനറിഞ്ഞ ചില വിസ്മയങ്ങള്‍. മരുന്നിലെ കവിതയുടെ ശരിക്കും കാല്‍പനികമായ ഒരനുഭവം.

               എല്ലാ ഔഷധങ്ങളും ഒരര്‍ത്ഥത്തില്‍ മൃതസഞ്ജീവനികളാണ്. അത് നല്‍കുക ചികിത്സകരുടെ സൃഷ്ടിപരമായ കര്‍ത്തവ്യവുമാണ്. അതിന് മരുന്നിനും ചികിത്സയ്ക്കുമിടയില്‍, ചികിത്സകര്‍ക്കും രോഗികള്‍ക്കുമിടയില്‍ സ്നേഹവും വിശ്വാസവും വേണം. ചികിത്സകന്‍ രോഗിയുടെ മാനസികാവസ്ഥ അറിയണം. അവരോടു ദയ കാണിക്കണം.

പണ്ടത്തെ വൈദ്യന്മാര്‍ക്ക് വളരെ ശക്തമായ ഒരു സാമൂഹിക ബന്ധമുണ്ടായിരുന്നു. ‘ആരോഗ്യനികേതന’ത്തിലെ ജീവന്‍ മശായിയെ പോലെ ഇന്ന് ഏറ്റവും കുറഞ്ഞ സാമൂഹിക ബന്ധം പുലര്‍ത്തുന്നത് ഡോക്ടര്‍മാര്‍ ആയിരിക്കും. അവരെ സാധാരണ ജനങ്ങള്‍ക്കിടയില്‍ കണ്ടുകിട്ടുക പ്രയാസമാണ്. ഭീകരമായ അന്യവല്‍കരണമാണു മനുഷ്യമനസ്സുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 

                                                                       പ്രതീക്ഷിക്കാതെ ആണ് ഇത്ര നല്ല വായനാനുഭവം എനിക്കുണ്ടായത്. ഒരു കാരണവുമില്ലാതെ ചില പുസ്തകങ്ങള്‍ മറിച്ചുനോക്കുകയായിരുന്നു. ആയുര്‍വേദത്തിലെയും വിഷചികിത്സയിലെയും ചില മരുന്നുകളുടെ യോഗങ്ങളില്‍ പോലും കാണാന്‍ കഴിഞ്ഞ ഒരു തരാം ആത്മബന്ധത്തിന്റെ തുടിപ്പുകള്‍ എനിക്ക് ആവേശമായി. എന്തിനു വേണ്ടിയാവും ഇങ്ങനെ അതികാല്‍പനികമായ ഒരു സ്നേഹാന്തരീക്ഷം!!

എത്ര മനോഹരമായ ചിത്രങ്ങള്‍! 

“ഐ പ്രാണനാഥേ

ബലാ പത്തു ഭാഗം

പ്രിയേ ജീരകം ചുക്കുമോരോരു ഭാഗം

ലയിക്കും ജവം കാസ യുഗ്മാദിരോഗം”
 

ഇതൊരു പ്രണയ കവിതയല്ല. കാസരോഗത്തിനും മറ്റും ദിവ്യൌഷധമായ ‘നയോപായം’ എന്ന കഷായത്തിന്റെ യോഗമാണ്.  (ബലാ – കുറുന്തോട്ടി) , (ജവം – പെട്ടെന്ന്) .

വീട്ടില്‍ നയോപായമുണ്ടായാല്‍ നന്ന് എന്നത്രേ. വീട്ടില്‍ നയവും ഉപായവും ഉണ്ടാവണം എന്ന് പ്രാണനാഥയോട് പ്രണയപൂര്‍വ്വം പറയുന്നതായും തോന്നാം. ‘പ്രാണനാഥേ പത്തുഭാഗത്ത്‌ നിന്നും ബലമായി നീ വേണം. എരിവും പിണക്കവും (ചുക്കും ജീരകവും) ഇടയ്ക്ക് വന്നു കൂടിയാല്‍ നയോപായം കൊണ്ടത് ലയിക്കണം വേഗം എന്ന് വ്യാഖ്യാനിയ്ക്കുമ്പോഴും ഏറെയാണ്‌ സൌന്ദര്യം.

പ്രാചീന ഭാരതത്തിലെ സംസ്കാരവും അന്തരീക്ഷവും അതിതീവ്രമായി കടന്നു വരുന്നുണ്ട് വിഷചികിത്സയിലെ ആധികാരിക ഗ്രന്ഥമായ ‘ജ്യോത്സനീക’ ത്തില്‍ പല ശ്ലോകങ്ങളിലും.

 

‘മുടിയില്‍ തിങ്കളും പാമ്പും 

മടിയില്‍ ഗൌരിയും തഥാ

കുടികൊണ്ടോരു ദേവന്‍തന്‍ 

അടിയാം പങ്കജം ഭജേ’

 

ഈ മഹേശര സ്തുതി ധ്യാനിച്ചു കൊണ്ടത്രേ വിഷചികിത്സാ പഠനം തുടങ്ങുന്നത്. ചന്ദ്രക്കല പ്രണയത്തിന്റെയും പാമ്പ്‌ ലൈംഗികതയുടെയും പ്രതീകങ്ങളാണ്.  ശിവന്‍റെ ഇടതു തുടയിലാണ് ഉമാമഹേശ്വര സങ്കല്‍പത്തില്‍ പാര്‍വതിയുടെ സ്ഥാനം (പുരുഷന്റെ വലതു ഭാഗം സഹോദരങ്ങല്‍ക്കോ ഇടതു ഭാഗം പ്രണയിനിക്കോ പത്നിക്കോ നല്‍കാവുന്ന ഏറ്റവും ഉദാത്തമായ സ്ഥാനങ്ങളാണെന്ന് നൃത്തത്തില്‍ നാട്യധര്‍മം). ഇവിടെ പ്രണയത്തിനും ലൈംഗികതക്കും പ്രാധാന്യമുള്ള, സ്ത്രീക്ക് പുരുഷനോടൊപ്പം സ്ഥാനമുള്ള പഴയ ഭാരത സംസ്കാരത്തിന്‍റെ ചിത്രം കാണാം.

(തുടരും…)


ക്ലാസ്സില്‍ വരാത്തതിന് ബാല പറഞ്ഞ കാരണം …

March 8, 2009

“ഞാന്‍ ബാല

വയസ്സ് ഏഴ്child-abuse1

ചില ദിവസങ്ങളില്‍ സ്കൂളില്‍ വരുന്നു

ചില ദിവസങ്ങളില്‍ ഇരന്നു നടക്കുന്നു

മ്മയ്ക്കു വിശക്കും

എന്നെപ്പോലെ അച്ഛനെയറിയാത്ത

ഒരു കുട്ടികൂടി വളരുന്നു

അമ്മയുടെ വയറ്റില്‍.



പെണ്‍കുട്ടിയാണെങ്കില്‍ 

അവളെയും എന്നെപ്പോലെ ആളുകള്‍

നാലാംവയസ്സിനു മുന്നേ 

പുറകെയോടി ശരീരം മുഴുവന്‍ 

ഭയങ്കരമായി വേദനിപ്പിക്കും. 

മൂത്രമൊഴിക്കുന്നിടത്ത് നിന്നും 

അവള്‍ക്കും മരണവേദനയുണ്ടാവും!

ചോര വരും!


എന്‍റെ അമ്മയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാഞ്ഞത് പോലെ 

എനിക്കും ഒന്നും ചെയ്യാന്‍ കഴിയില്ല.

ഞങ്ങള്‍ വെറുതെ ഉടുപ്പുകള്‍ തമ്മില്‍ കൂട്ടികെട്ടി 

എവിടെയെങ്കിലും ഉറങ്ങും.


എത്ര ഭീകരമാണ് ഈ രാത്രികളെന്നു

നിങ്ങള്‍ക്കറിയില്ല

എത്ര ദൈന്യമാണീ പകലുകളെന്ന്

നിങ്ങള്‍ക്കറിയില്ല

എനിക്കറിയേണ്ടതൊന്നും 

നിങ്ങളെനിക്ക് പറഞ്ഞുതന്നില്ല

ആളുകള്‍ക്കറിയേണ്ടതൊന്നും

നിങ്ങളവരെ പഠിപ്പിച്ചില്ല

എന്‍റെ ആവശ്യങ്ങള്‍ നിങ്ങള്‍ക്കറിയില്ല….”


വേവുകാലം

February 19, 2009

 

അടുക്കളയില്‍
പരിപ്പിന്റെ വേവുമണം മുറ്റിയപ്പോള്‍ 
ഓര്‍ത്തു
പാകം നോക്കുവാന്‍
ഓരോ രുചിയും ആദ്യമായി നാക്കില്‍ തന്ന
ഒരു സ്ത്രീയെ!

തീവെളിച്ചത്തില്‍് പുകമണവുമായി നിന്ന ഒരുവള്‍
ചുരത്തപ്പെടാത്ത മുലകള്‍ പോലെ
മനസ്സ് കനച്ചു വന്നു.
പെരുമഴയിലേക്ക് അവരെന്നെ നീട്ടിവിളിച്ചിരുന്നു
എത്ര സ്ത്രീകളായിരുന്നു
കെടാത്ത അടുപ്പുകളുടെ
പുകപിടിച്ച അടുക്കളയില്‍
വെന്തത്‌
പൊട്ടിയും ചീറ്റിയും……………

ചിലര്‍ കുശുമ്പികളും
വീര്‍ത്ത വയറുളളവരുമായിരുന്നു.
ഏകാന്തതയുടെ തുരുത്ത് തേടി
പറമ്പിന്റെ കിഴക്കേ അറ്റത്തെ
ഒരിക്കലും പൂത്തിട്ടില്ലാത്ത
ഒരു മാഞ്ചുവട് ചിലപ്പോള്‍
ഞാന്‍ കയ്യേറുമായിരുന്നു

പക്ഷെ രഹസ്യചിന്തകളുടെ പൂമഴയില്‍
വിളര്‍്ത്ത്നില്ക്കാറായിരുന്നു ഞാനവിടെ……………
ഏകാന്തതകള്‍ നിറയെ പൂത്ത ബാല്‍്ക്കണിയിലേക്ക്
പ്രഷര്‍്കുക്കറിന്റെ വിസിലുകള്‍
എന്നെ നീട്ടി വിളിക്കുന്നു
വേവുമുറ്റിയ പരിപ്പ്മണം  
പിന്നെയും….


പക്ഷി

February 15, 2009

 

ഒരു പുഴ എന്‍റെ കണ്ണുകളില്‍ ഉറ്റുനോക്കുന്നു
മൈതാനത്തിലെ ഉണക്കമരത്തിലൂടെ
എന്‍റെ പ്രണയം ആകാശം സ്പര്‍ശിക്കുന്നു.

പക്ഷിയായിരുന്നു ഞാന്‍
ഒരു വയലില്‍
ഒരു മരച്ചില്ലയില്‍
ഒരു രാത്രിമഴയില്‍.

പനിനൂലുകളുടെ പാരച്യൂട്ട് പൊട്ടി
ദുരൂഹമായ ജാതകത്തില്‍ ഭൂസ്പര്‍ശം!
കാപട്യത്തിന്റെ വേദപുസ്തകത്തില്‍
‘പക്ഷി മനുഷ്യപ്പെണ്ണായാല്‍്
കൂട്ടില്‍കിടന്നു ശക്തി പ്രാപിക്കും’

ഇനിയും എത്ര നിശബ്ദമായാണോ
ഞാന്‍ പിറക്കേണ്ടിയിരുന്നത്?
നിന്നെ സ്നേഹിക്കുവാന്‍
കല്ലില്‍ കൊത്തിയ പെണ്‍്ദൈവങ്ങളുടെ
മരിച്ച പുഞ്ചിരിയോ
തണുപ്പൂറുന്ന പൊക്കിള്‍ചുഴിയോ
മാത്രമായിരുന്നു ഞാനെങ്കില്‍
ഗതികേടിന്റെ പരന്ന പകലുകളില്‍
നിന്നെ സ്നേഹിക്കുക എളുപ്പമായേനെ.

ഗൃഹസ്ഥാശ്രമത്തിന്റെ നഷ്ടപ്രാന്തങ്ങളില്‍
തോര്‍ന്നു പോകുന്നു
പെണ്മരത്തിലെ മഴ.

ഒരു പുഴ എന്‍റെ കണ്ണുകളില്‍ ഉറ്റുനോക്കുന്നു
മൈതാനത്തിലെ ഉണക്കമരത്തിലൂടെ 
എന്‍റെ പ്രണയം ആകാശം സ്പര്‍ശിക്കുന്നു.


ആദ്യമായി…….

February 12, 2009

      

 ഒരുപാടു ആഘോഷങ്ങളും ഒച്ചപ്പാടുകളും ഇല്ലാത്തതായിരുന്നു ആദ്യാനുഭവങ്ങള്‍ ഏറെയും. വീട്ടിലെ വലിയവര്‍ ചോറ് തിന്നുമ്പോള്‍ നിലത്തുവീണ വറ്റ് പെറുക്കി വായിലിട്ടപ്പോള്‍ അച്ഛന്‍ ആദ്യമായി  എനിക്ക് ചോറും മീനും വായില്‍ വെച്ചു തന്നത്രെ; ഇഷ്ടപ്പെട്ട രുചിയിലേക്ക് ആദ്യമായി……. 
 ഏട്ടന്‍ പറഞ്ഞും അമ്മയുടെ കൂടെ അവനെ സ്കൂളില്‍ അയക്കാന്‍ ഇടക്കൊക്കെ പോയും പഴകിയ സ്കൂളിലേക്ക് ഒരു മഴക്കാലത്ത് ഞാനും ആഘോഷങ്ങളില്ലാതെ……
രാത്രി മുഴുവന്‍ ട്രെയിന്‍ യാത്ര കഴിഞ്ഞു പാറിയ മുടിയും ചടച്ച കണ്ണുകളും ആയിട്ടാണ് ആദ്യമായി ഭര്‍ത്താവിന്റെ വീട്ടില്‍ കയറിച്ചെന്നത്‌. എന്‍റെ വരവ് കാരണം അവിടുത്തെ അമ്മയുടെ മുഖത്തെ തിരിയും കെട്ടുപോയിരുന്നു…..
അതുപോലെ തന്നെ ഒരുപാടു ഒച്ച വെക്കാതെ പറഞ്ഞു തുടങ്ങട്ടെ..
ചില കുമിള്‍ കഥകള്‍ ……